മുളങ്കുന്നത്തുകാവ്: റിലേ ബഹിഷ്കരണസമരത്തിന്റെ ഭാഗമായി ഡോക്ടർമാർ മെഡിക്കൽ കോളജ് ഒപി ബഹിഷ്കരിച്ചപ്പോൾ ചില മുതിര്‍ന്ന ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. സമരമായിട്ടും രോഗികളുടെ വരവില്‍ കുറവുണ്ടായില്ല. രാവിലെ മുതല്‍ ഒപികള്ക്കുമുന്നില് നീണ്ട ക്യൂ അനുഭവപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജിഎംസിടിഎ) ആഭിമുഖ്യത്തിലാണു സമരം. നവംബര്‍ അഞ്ച്, 13, 21, 29 തീയതികളിലും മെഡിക്കല്‍ കോളജ് ഡോ ക്ടര്‍മാര്‍ ഒപിയില്‍ എത്തില്ല. വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തരചികിത്സകള്‍ മുടക്കമില്ലാതെ നടക്കും.
എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിച്ച് പിഎസ്സി നിയമനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ശമ്പളപരിഷ്കരണ കുടിശിക ഉടന്‍ നല്‍കുക, അനവസരത്തിലുള്ള താത്കാലികസ്ഥലംമാറ്റങ്ങള് നടത്തി എന്‍എംസിയുടെ കണ്ണില്‍ പൊടിയിടാതെ സ്ഥിരംനിയമനങ്ങള്‍ നടത്തുക, രോഗികളുടെ എണ്ണത്തിന്റെയും ചികിത്സാരീതികളുടെയും ആനുപാതികമായി ഡോക്ടര്‍മാരുടെ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കുക, മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ആവശ്യമുന്നിയിച്ച് കഴിഞ്ഞ ജൂലൈ മുതല്‍ ഡോക്ടർമാർ പ്രതിഷേധത്തിലാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പരിഹാരനടപടികൾ ഉണ്ടാവാത്തതിനെതുടർന്ന് ഈ മാസം 20നും ഒപി ബഹിഷ്കരിച്ചിരുന്നു. തുടർന്നും ചർച്ചകൾക്കുപോലും സർക്കാർ തയാറായില്ല. തുടർന്നാണ് റിലേ ബഹിഷ്കരണത്തിലേക്കു കടന്നത്.
സമരദിവസം ഒപിയില്‍ വരുന്നതു പൊതുജനം ഒഴിവാക്കണമെന്നു സമരക്കാർ അഭ്യർഥിച്ചു. ഔദ്യോഗികയോഗങ്ങള്‍ ബഹിഷ്കരിക്കുന്നതു തുടരുമെന്നും കത്തുകള്‍ക്കു മറുപടി നല്‍കില്ലെന്നും അറിയിച്ചു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്ന് സംസ്ഥാനപ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ വ്യക്തമാക്കി.